Dharmarakshavedi

Menu

ധർമ്മരക്ഷാസംഗമം

ഏറ്റവും പുരാതനവും അതേസമയം നിത്യനൂതനവുമായ ഒരു സംസ്‌കൃതി, എല്ലാ മതങ്ങളുടെയും മാതാവായ ഒരു മതം, അല്ല ധര്‍മ്മവ്യവസ്ഥ, പരമസത്യത്തെ കരതലാമലകം പോലെ ദര്‍ശിച്ച ഗുരുക്കന്മാരുടെയും ആചാര്യന്മാരുടെയും അണിമുറിയാത്ത പരമ്പര, അവര്‍ ദര്‍ശിച്ച മഹോന്നതസത്യങ്ങള്‍, ‘ആത്മവത് സര്‍വ്വഭൂതാനി’ എന്ന് ഉദ്‌ഘോഷിച്ച ശ്രുതിയുടെ സര്‍വ്വാശ്ലേഷിയായ ജീവകാരുണ്യം. കര്‍മ്മവീര്യത്തിന്റെ ഗംഭീരനാദം മുഴക്കിയ പാഞ്ചജന്യം. എല്ലാമെല്ലാം സമഞ്ജസമായി സമ്മേളിക്കുന്ന ഒരു മഹിതനാമമുണ്ട്  അതാണ് സനാതനധര്‍മ്മം.

ഈ സനാതനധര്‍മ്മം ഏതെങ്കിലും ഒരു ആചാര്യന്റെ മഹിമ പ്രചരിപ്പിക്കുന്ന പ്രസ്ഥാനമല്ല. ഭക്തിയും ആരാധനയും ഇന്ന പാത്രത്തിലേ ആകാവൂ എന്ന് കര്‍ശനമായി വിലക്കുന്ന സങ്കുചിത വീക്ഷണം അതിനില്ല. അത് എല്ലാ ചിന്താസരണികളെയും ഉള്‍ക്കൊള്ളുന്നു. എല്ലാറ്റിനെയും അംഗീകരിക്കുന്നു. ഒപ്പം എല്ലാറ്റിനെയും അതിവര്‍ത്തിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആ സനാതനധര്‍മ്മത്തിന്റെ സന്ദേശം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അതിന്റെ ഉദ്‌ബോധനങ്ങള്‍ എല്ലാദേശത്തിനും എല്ലാ കാലത്തിനും വേണ്ടിയുള്ളതാണ്.
അതിനാല്‍ അവിടെ കര്‍മ്മവും ഭക്തിയും യോഗവും ജ്ഞാനവും മറ്റ് അനേകം സാധനാസരണികളും സംഗമിക്കുന്നു. ശാസ്ത്രീയവും സുഘടിതവുമായ സാധനാപദ്ധതികള്‍, ആചാര്യന്മാരുടെ സ്വാനുഭവപ്രമാണങ്ങള്‍ എല്ലാം കൊണ്ട് സമ്പന്നമാണ് സനാതനധര്‍മ്മം. ആ സമഗ്രത, ആ വിശാലത, ആ ശാസ്ത്രീയത മറ്റെവിടെയെങ്കിലും നമുക്ക് ദര്‍ശിക്കാന്‍ കഴിയുമോ? ഇല്ലതന്നെ. എങ്കിലും വിഭിന്ന മതങ്ങളെയും പ്രസ്ഥാനങ്ങളെയും നമ്മള്‍ സാദരം അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തു. സഹിഷ്ണുതയും സഹവര്‍ത്തിത്വവും പരമാദര്‍ശമായി നമ്മള്‍ സ്വീകരിച്ചു.

എന്നിട്ടും ഈ ധര്‍മ്മവും ഈ സംസ്‌കൃതിയും ഇന്ന് കടുത്ത വെല്ലുവിളികളെ നേരിടുകയാണ്. ഹിന്ദുവെന്ന നാമം തന്നെ വര്‍ഗ്ഗീയമായി ചിത്രീകരിക്കപ്പെടുന്നു. സനാതനധര്‍മ്മ ആചാര്യന്മാര്‍ അതിനിന്ദ്യമായി അവഹേളിക്കപ്പെടുന്നു. ഈ സംസ്‌കൃതിയുടെ മാതൃരാജ്യത്തുതന്നെ ഹൈന്ദവര്‍ രണ്ടാം തരം പൗരന്മാരെപോലെ പരിഗണിക്കപ്പെടുന്നു. എല്ലാ രീതിയിലും അവര്‍ വിവേചനത്തിന് വിധേയരാക്കപ്പെടുന്നു. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണ്, എന്നാല്‍ ചിലര്‍ കൂടുതല്‍ തുല്യരാണ് എന്നു പറയുന്നതുപോലെ നീതിനിര്‍വ്വഹണത്തിലാകട്ടെ രാജ്യവിഭവങ്ങളുടെ വിതരണത്തിലാകട്ടെ നമ്മള്‍ എന്നും വിവേചനത്തിന്റെ പാത്രങ്ങളാണ്.

ഇതെല്ലാം നമുക്കു സഹിക്കാം. എന്നാല്‍ നമ്മുടെ ഗുരുവരന്മാരെ, സ്‌േനഹവും കാരുണ്യവും മാത്രം കൈമുതലാക്കിയ മഹാപുരുഷന്മാരെ, സ്വന്തം ജീവിതം തന്നെ മര്‍ത്യലോകത്തിന്റെ കണ്ണീരൊപ്പാനുള്ള മഹായജ്ഞമാക്കി മാറ്റിയ കാരുണ്യമൂര്‍ത്തികളെ നിന്ദിക്കുകയും അപഹസിക്കുകയും കണ്ണില്ലാത്ത അസത്യപ്രചാരണം കൊണ്ട് തേജോവധം ചെയ്യുകയും ചെയ്യുന്നത് നമ്മള്‍ എങ്ങനെ കൈയ്യുംകെട്ടി കണ്ടുകൊണ്ടിരിക്കും? ഇതെങ്ങനെ നമ്മള്‍ സഹിക്കും? ഈ കൊടിയ അനീതിക്കെതിരെ ധര്‍മ്മത്തിന്റെ ഗാണ്ഡീവം കുലയേ്ക്കണ്ടത് നമ്മുടെ കര്‍ത്തവ്യമല്ലേ?

ഇതിനുമുമ്പും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. അത്തരം പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ പരാതികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോള്‍ ഒന്നും കണ്ടിട്ടില്ലാത്ത അതിനിന്ദ്യമായ സ്വഭാവഹത്യയും ദുഷ്പ്രചാരണവും കടന്നാക്രമണവും എന്തുകൊണ്ട് ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നു! ഹിന്ദുമതാചാര്യന്മാരും ഹിന്ദുമത സ്ഥാപനങ്ങളും ആരോപണവിധേയരാകുമ്പോള്‍ ഒരു ന്യായം. മറ്റുള്ള മതാചാര്യന്മാരും മതസ്ഥാപനങ്ങളും ആരോപണവിധേയരാകുമ്പോള്‍ മറ്റൊരു ന്യായം. ഇതെന്തുകൊണ്ടു സംഭവിക്കുന്നു?
ചില സ്ഥാപനങ്ങളുടെ കാര്യത്തിലാകുമ്പോള്‍ മാധ്യമ മര്യാദയും നീതിബോധവും നിഷ്ഠൂരമായി ചവിട്ടിമെതിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ജീവിത ദുഃഖം കൊണ്ടുവലയുന്നവര്‍ക്ക് അത്താണിയായ മഹത്തായ സ്ഥാപനങ്ങളെ കരിവാരിത്തേക്കുന്നതിനു മുന്‍പ്, ജനമനസ്സുകളില്‍ വിഷം പരത്തുന്നതിനുമുന്‍പ് ആരോപണ വിധേയരാകുന്നവര്‍ക്ക് എന്തെങ്കിലും പറയുവാനുണ്ടോ എന്ന് അന്വേഷിക്കേണ്ട അല്പമര്യാദപോലും ഈ മാധ്യമങ്ങള്‍ പാലിക്കാത്തത് എന്തുകൊണ്ടാണ്? ആരെങ്കിലും ഒരാള്‍ അസത്യം പറയാന്‍ തുനിഞ്ഞിറങ്ങിയാല്‍ അതിന്റെ മറപിടിച്ച് സ്വഭാവഹത്യയുടെ ആഘോഷം നടത്തുന്നത് എന്തുകൊണ്ട്? ആരോപണങ്ങളുടെ സത്യത്വം സാമാന്യയുക്തികൊണ്ടുപോലും അന്വേഷിക്കാന്‍ മെനക്കെടാതെ അതിനു സ്തുതിപാടുന്നതെന്തുകൊണ്ട്?
രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് മുപ്പതു വെള്ളിക്കാശിനുവേണ്ടി ഗുരുത്വം പരസ്യമായി നിന്ദിക്കപ്പെട്ടു. അന്ന് അതിന് സ്തുതി പാടിയവര്‍ മറ്റൊരു വേഷത്തില്‍ മറ്റൊരു രൂപത്തില്‍ അതേ ഗുരുനിന്ദയ്ക്കു സ്തുതി പാടുന്നു.
മാന്‍പേടയ്ക്കു ചുറ്റുംകൂടി കടിച്ചു കീറാന്‍ വെമ്പുന്ന മൃഗങ്ങളുടെ ശൗര്യത്തിനും ക്രൗര്യത്തിനുമാണ് നമ്മള്‍ ദൃക്‌സാക്ഷികളാകേണ്ടിവന്നത്. ദുശ്ശാസനന്മാര്‍ ധര്‍മ്മത്തെയും സ്ത്രീത്വത്തെയും ഗുരുത്വത്തെയും ആക്രമിച്ച ആ അഭിശപ്തമായ പുരാതന രംഗം ഇവിടെ വീണ്ടും മാധ്യമതാളുകളില്‍, ചാനല്‍ചര്‍ച്ചകളില്‍ ആവര്‍ത്തിക്കപ്പെട്ടു. സംസ്‌ക്കാര ശൂന്യതയുടെ നിര്‍ലജ്ജവും നിരങ്കുശവുമായ ആ വിളയാട്ടം കണ്ട് സാംസ്‌ക്കാരമുള്ള മനുഷ്യരെല്ലാം ഞെട്ടിത്തരിച്ചുപോയി.
ആദിശങ്കരനാമത്തില്‍ ആയിരത്താണ്ടുകളായി ആദരിക്കപ്പെടുന്ന ഒരു ഹൈന്ദവ മഠവും അവിടുത്തെ ആചാര്യനും കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരാള്‍ വധിക്കപ്പെട്ടതിന്റെ പേരില്‍ മാധ്യമങ്ങളുടെ അതിനിന്ദ്യമായ അധിക്ഷേപത്തിനു പാത്രമായി. ഒടുവില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി കേടതിവിധിവന്നു. രണ്ടുവര്‍ഷം മുന്‍പാണ് ബാംഗ്ലൂരിലെ ഒരു ഹൈന്ദവാചാര്യനുമായി ബന്ധപ്പെട്ടതെന്നു പറയുന്ന ഒരു വീഡിയോയുടെ പേരില്‍ നമ്മുടെ ചില മാധ്യമങ്ങള്‍ ദുഷ്പ്രചരണ കോലാഹലങ്ങള്‍ ആഘോഷിച്ചത്. എന്നാല്‍ പിന്നീടത് കൃത്രിമമായി ഉണ്ടാക്കിയ വീഡിയോ ആണെന്ന് തെളിഞ്ഞപ്പോള്‍ ആ മാധ്യമങ്ങള്‍ക്കു മിണ്ടാട്ടമില്ല.  കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്ധവിശ്വാസത്തിനെതിരെയുള്ള പോരാട്ടമെന്ന പേരില്‍ ഒരു സംഘടിത പ്രസ്ഥാനം കേരളത്തിലെ ആശ്രമങ്ങളെ തച്ചുതകര്‍ക്കുകയും അവിടുത്തെ സന്യാസിമാരെയും അന്തേവാസികളെയും ബലാത്ക്കാരം ചെയ്യുകയും അവരുടെ താടിയും മുടിയും ക്ഷൗരക്കത്തിക്കു വിധേയമാക്കുകയും ചെയ്യുന്നത് കേരളജനത കണ്ടതാണ്. അതിനവര്‍ക്ക് ആര് അധികാരം നല്‍കി എന്ന ചോദ്യമുണ്ട്. സത്യവും നീതിയും നിര്‍ണ്ണയിക്കാന്‍ ഇവിടെ കോടതികളും നീതിന്യായ സംവിധാനവും ഉണ്ട്. അതിനു പകരം വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന സ്ഥിതി എത്ര ഭയാനകമാണ്.

ഇത്തരം ആക്രമണങ്ങളുടെയും ദുഷ്പ്രചാരണത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളുടെ ഭീകരമായ വര്‍ഗ്ഗീയ ലക്ഷ്യങ്ങളും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഹിന്ദുവിനും ഹിന്ദുപ്രസ്ഥാനങ്ങള്‍ക്കുമെതിരെയുള്ള വിവേചനം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇതെല്ലാം എന്തുകൊണ്ടു സംഭവിക്കുന്നു? എന്തുകൊണ്ട് ഹിന്ദു ഗുരുക്കന്മാരും പ്രസ്ഥാനങ്ങളും മാത്രം ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നു? തേജോവധം ചെയ്യപ്പെടുന്നു? എന്തുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ നിയമങ്ങളിലും പദ്ധതികളിലും ഒരു ജനവിഭാഗം മാത്രം നിരന്തരം അവഗണിക്കപ്പെടുന്നു? ഇതിനെല്ലാം ഒരുത്തരമേ ഉള്ളൂ. നമ്മുടെ അനൈക്യം, നമ്മുടെ ആലസ്യം, നമ്മുടെ അജ്ഞത. അതുതന്നെ.

നമ്മള്‍ നിദ്രയില്‍ നിന്നും ഉണര്‍ന്നെഴുനേല്‍ക്കാനുള്ള സമയം തീരെ വൈകിയിരിക്കുന്നു. അനീതിയും അധര്‍മ്മവും നമ്മള്‍ നീണ്ടകാലം സഹിച്ചുകഴിഞ്ഞു. അധര്‍മ്മത്തിന്റെ കരാളഹസ്തങ്ങള്‍ക്കെതിരെ ഗാണ്ഡീവം ഉയര്‍ത്തേണ്ട സമയം സമാഗതമായിരിക്കുന്നു. ധര്‍മ്മരക്ഷയുടെ ആ വില്ലേന്തുവാന്‍ നമ്മള്‍ തയ്യാറാകുക ഒന്നുമാത്രമെ വേണ്ടതുള്ളൂ, യോഗേശ്വരനായ ഭഗവാന്‍ നമ്മുടെ ധാര്‍മ്മീകവും നീതിപൂര്‍വ്വകവുമായ ലക്ഷ്യത്തെ സഫലമാക്കിത്തരിക തന്നെ ചെയ്യും.

ധര്‍മ്മോദ്ധാരണത്തിന്റെ കാഹളം മുഴക്കുവാന്‍ ‘ധർമ്മരക്ഷാവേദി’യുടെ ആഭിമുഖ്യത്തിൽ  മാര്‍ച്ച് 23ാം തിയ്യതി എറണാകുളത്ത് നടന്ന  ഹിന്ദുമഹാസംഗമത്തില്‍ ജനലക്ഷങ്ങള്‍ അണിചേർന്നു. ‘ധർമ്മരക്ഷാ സംഗമം’ എന്ന  ആ മഹാചരിത്ര മുഹൂര്‍ത്തത്തിന്റെ അലയൊലി ചെന്നെത്തിയത് അധികാരത്തിന്റെ മത്തിൽ മയങ്ങിക്കിടന്നിരുന്നവർ മുതൽ സാധാരണക്കാർ വരെയുള്ള ആബാലവൃദ്ധം ജനങ്ങളിലേയ്ക്കായിരുന്നു. വലിയൊരു വിഭാഗത്തിന് അത് ഉണർവ്വായപ്പോൾ മറ്റൊരു വിഭാഗം അതിൽ വിറളി പൂണ്ടു. തുടർന്നു നടന്ന പൊതു തിരഞ്ഞെടുപ്പുകളിലും അത് വ്യക്തമായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും സംസ്ഥാന പാർട്ടി മീറ്റിംഗുകളിൽ വരെ അത് ചർച്ചയായി. പല മാധ്യമങ്ങളും കെട്ടി അടച്ചു വയ്ക്കാൻ ശ്രമിച്ച ഈ യാഥാർത്ഥ്യം പക്ഷേ പലയിടങ്ങളിലും വായ്മൊഴിയായി പ്രചരിച്ചു. പുതിയൊരു കാലഘട്ടത്തിന്റെ, ധർമ്മയുദ്ധത്തിന്റെ  കാഹളം വിളിയായിരുന്നു 2014 – മാർച്ച്- 23-ന് എറണാകുളം മറൈൻ ഡ്രൈവിൽ ജനലക്ഷങ്ങൾ ധർമ സംരക്ഷണത്തിന്റെ പ്രതിജ്ഞയെടുത്ത ‘ധർമ്മരക്ഷാസംഗമം’

Comments

Sorry, comments are closed for this item.