Dharmarakshavedi

Menu

‘ധർമ്മരക്ഷാസംഗമ’ത്തിന് മൂന്നാണ്ട്!

ചിത്രം: ധര്‍മ്മോദ്ധാരണത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് എറണാകുളത്തു നടന്ന പ്രഥമ ധർമ്മരക്ഷാ മഹാസംഗമത്തെക്കുറിച്ച് ‘ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്’ ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത.
———————

2014 – മാർച്ച്- 23-ന് എറണാകുളം മറൈൻ ഡ്രൈവിൽ ജനലക്ഷങ്ങൾ ധർമസംരക്ഷണത്തിന്റെ പ്രതിജ്ഞയെടുത്ത ‘ധർമ്മരക്ഷാസംഗമം’ സുവർണചരിത്രമായിട്ട് മൂന്നാണ്ട് തികയുന്നു.
‘ധർമ്മരക്ഷാവേദി’യുടെ ആഭിമുഖ്യത്തിൽ നടന്ന ‘ധർമ്മരക്ഷാ സംഗമം’ എന്ന ആ മഹാചരിത്ര മുഹൂര്‍ത്തത്തിന്റെ അലയൊലി ചെന്നെത്തിയത് അധികാരത്തിന്റെ മത്തിൽ മയങ്ങിക്കിടന്നിരുന്നവർ മുതൽ സാധാരണക്കാർ വരെയുള്ള ആബാലവൃദ്ധം ജനങ്ങളിലേയ്ക്കായിരുന്നു. വലിയൊരു വിഭാഗത്തിന് അത് ഉണർവ്വായപ്പോൾ മറ്റൊരു വിഭാഗം അതിൽ വിറളി പൂണ്ടു. രാജ്യത്തിന്, വിശേഷിച്ചും കേരളത്തിന് ധർമ്മപ്രതീക്ഷയുടെ പുതിയ മാറ്റം, മറഞ്ഞും തെളിഞ്ഞും അത് സമ്മാനിയ്ക്കുകയുണ്ടായി.

സനാതനധര്‍മ്മം ഏതെങ്കിലും ഒരു ആചാര്യന്റെ മഹിമ പ്രചരിപ്പിക്കുന്ന പ്രസ്ഥാനമല്ല. ഭക്തിയും ആരാധനയും ഇന്ന പാത്രത്തിലേ ആകാവൂ എന്ന് കര്‍ശനമായി വിലക്കുന്ന സങ്കുചിത വീക്ഷണം അതിനില്ല. അത് എല്ലാ ചിന്താസരണികളെയും ഉള്‍ക്കൊള്ളുന്നു. എല്ലാറ്റിനെയും അംഗീകരിക്കുന്നു. ഒപ്പം എല്ലാറ്റിനെയും അതിവര്‍ത്തിച്ചു നില്‍ക്കുകയും ചെയ്യുന്നു. വിഭിന്ന മതങ്ങളെയും പ്രസ്ഥാനങ്ങളെയും നമ്മള്‍ സാദരം അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തു. സഹിഷ്ണുതയും സഹവര്‍ത്തിത്വവും പരമാദര്‍ശമായി നമ്മള്‍ സ്വീകരിച്ചു. എന്നിട്ടും ഈ ധര്‍മ്മവും ഈ സംസ്‌കൃതിയും കടുത്ത വെല്ലുവിളികളെ തുടർച്ചയായി അഭിമുഖീകരിയ്ക്കേണ്ടി വന്നു. മാതൃരാജ്യത്തുതന്നെ ഹൈന്ദവര്‍ രണ്ടാം തരം പൗരന്മാരെപോലെ പരിഗണിക്കപ്പെട്ടു. വിവേചനത്തിന് വിധേയരാക്കപ്പെട്ടു: നീതിനിര്‍വ്വഹണത്തിലും രാജ്യവിഭവങ്ങളുടെ വിതരണത്തിലും വരെ!

എല്ലാം നമുക്കു സഹിക്കാം. എന്നാല്‍ സ്വന്തം ജീവിതം തന്നെ മര്‍ത്യലോകത്തിന്റെ കണ്ണീരൊപ്പാനുള്ള മഹായജ്ഞമാക്കി മാറ്റിയ നമ്മുടെ മഹാപുരുഷന്മാരെ നിന്ദിക്കുകയും അപഹസിക്കുകയും കണ്ണില്ലാത്ത അസത്യപ്രചാരണം കൊണ്ട് തേജോവധം ചെയ്യുകയും ചെയ്യുന്നത് നമ്മള്‍ക്ക് കൈയ്യുംകെട്ടി കണ്ടുകൊണ്ടിരിക്കാൻ കഴിയില്ലായിരുന്നു. ദുശ്ശാസനന്മാര്‍ ധര്‍മ്മത്തെയും സ്ത്രീത്വത്തെയും ഗുരുത്വത്തെയും ആക്രമിച്ച ആ അഭിശപ്തമായ പുരാതന രംഗം ഇവിടെ വീണ്ടും ആവർത്തിയ്ക്കപ്പെട്ടപ്പോൾ, നിവൃത്തിയില്ലാതെ ലക്ഷക്കണക്കിന് സനാതനധർമ്മികൾ കര്‍മ്മവീര്യത്തിന്റെ ഗംഭീരനാദം മുഴക്കിക്കൊണ്ട് ഒന്നു ചേർന്നു. മഹാഗുരുക്കന്മാരുടെ സംഗമ ഭൂമിയായി ആ വേദി മാറുകയായിരുന്നു. നാനാജാതി-ദേശ-പരമ്പരകളുടെ കണ്ണികൾ അവിടെ കൂട്ടിച്ചേർക്കപ്പെടുകയായിരുന്നു…

ധർമ്മസ്നേഹികൾക്ക് ആവേശവും പ്രതീക്ഷയും നൽകിയ ആ മഹാസംഗമത്തിന്റെ അലയൊലികൾ ഇന്നും നിലച്ചിട്ടില്ല… ഒരു ‘റിപ്പിൾ ഇഫക്ടാ’യി, നാളേയ്ക്കു വേണ്ടി അത് വഴികാണിച്ചുകൊണ്ടേയിരിയ്ക്കും…

ഇന്ന് നമ്മൾ ഒരുപാട് മുന്നോട്ടുവന്നു. പലപതിന്മടങ്ങ് ദൂരം ഇനിയും താണ്ടാനുണ്ട്. നേരും, നന്മയും, സത്യവും, ധർമ്മവും സനാതനമായിത്തന്നെ നിലകൊള്ളും. കാരുണ്യമൂർത്തികളായ നമ്മുടെ ഗുരുവരന്മാർ അതിന് വഴികാട്ടട്ടെ… ഹിന്ദുഭഗീരഥി ഒഴുകട്ടെ…

Categories:   ലേഖനങ്ങൾ, വാർത്തകൾ

Comments

Leave a Reply

%d bloggers like this: