Dharmarakshavedi

Menu

ഒരു സംസ്കൃതിയുടെ ,ജനതയുടെ പോരാട്ടം

തമിഴന്റെ ആകാശം വിശാലമാണ്. നിറം നീലയും . അവിടെ കൊടികൾക്കിടമില്ല.
*********************************************
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യം ഉറ്റു നോക്കുന്നത് തമിഴന്റെ മണ്ണിലേക്കാണ്. മറീനയുടെ മണ്ണിൽ ഒന്ന് , പത്ത് , നൂറ് , ആയിരം ലക്ഷമെന്നിങ്ങനെ പതിയുന്ന കാലടികളിലേക്കാണ്.
യൗവനം ആർത്തിരമ്പി കടലോളം പരന്നൊഴുകുന്നു. ജല്ലിക്കെട്ട് എന്ന വികാരം എന്നതിനു മീതെ ഒരു രാഷ്ട്രീയ പാർടികളുടെയും കൊടി അവിടെ പാറുന്നില്ല. ആരുടെയും സഹായം ഇല്ലെങ്കിലും‌ കെട്ടടങ്ങുന്ന വീര്യമല്ല ആ മനസ്സുകൾക്ക്.
കാലം നാലായിരം വർഷങ്ങളുടെ പഴമയുടെയും ഗരിമയുടെയും ഊരും ചൂരും നെഞ്ചിലേറ്റി കാളക്കൂറ്റന്മാരുടെ മണിയൊച്ചയുടെ മിടിപ്പ് ഉള്ളിലേറ്റി ഓരോ മണൽത്തരികളെയും നെഞ്ചോട് ചേർത്ത് , മണ്ണിനടിയിൽ നിന്നും ഓരൊ തമിഴന്റെയും പേരെടുത്ത്
വിളിക്കുന്നു.
തമിഴനു അവന്റെ മണ്ണ് ദൈവമാണ്. അമ്മയാണ്. അവന്റെ സംസ്കാരവും ആചാരങ്ങളും ജീവ വായുവാണ്. മണ്ണിനടിയിൽ നിന്നും അവന്റെ പൂർവ്വികരുടെ ആരവങ്ങൾ അവനെ പേരു ചൊല്ലി അവിടേയ്ക്ക് വിളിക്കുമ്പോൾ
അവനെങ്ങനെ പോകാതിരിക്കുവാൻ ആകും.?
ജല്ലിക്കെട്ട് , വിനോദം ആണോ അതോ അതൊരു സംസ്കാരം തന്നെയാണൊ എന്ന ചർച്ച മുറുകുകയാണ്. തന്റെ പാരമ്പര്യത്തെയും സംസ്കാരത്തെയും മുറുകെ പിടിക്കുന്നവാരാണ് ദ്രാവിഡർ. ജെല്ലിക്കെട്ടിനു ആധാരമായി കണക്കാക്കാവുന്ന കാളക്കൂറ്റന്മാരും മനുഷ്യരും ഉൾപ്പെടുന്ന 3500-4000 വർഷങ്ങളുടെ പഴക്കം രേഖപ്പെടുത്തുന്ന സമാനമായ ചിത്രങ്ങളും അടയാളങ്ങളും മറ്റും മോഹൻ ജദാരോയിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട് ഇരുപതാം നൂറ്റാണ്ടിൽ തന്നെ‌.
മറ്റിടങ്ങളിൽ ഒരുപക്ഷെ ആയിരക്കണക്കിനു വർഷങ്ങൾക്ക് മുന്നെ ഇല്ലാതായ ഒന്നു വർഷങ്ങളായി തമിഴർ മാത്രം പരിപാലിച്ചു പോരുക എന്നത് പിന്നെങ്ങനെ തമിഴന്റെ മാത്രമാവശ്യമായി എന്ന് ചോദ്യത്തിന് ഉത്തരം കാണുവാൻ പഴമയോട് ഉള്ള അവന്റെ അലിവ് കിനിയുന്ന മനസ്സിലേക്ക് ഇറങ്ങി ചെല്ലുവാൻ നമ്മളും തയ്യാറാകേണ്ടതുണ്ട്.
മാട്ടു പൊങ്കലിനോട് അനുബന്ധിച്ചു നടന്നു വരുന്ന ജല്ലിക്കെട്ട് എന്ന ആചാരം ഇന്നു സുപ്രീം കോടതി‌വിധിയുടെ നൂലാമാലകളിൽ കുടിങ്ങി കിടക്കുകയാണ്. സമരത്തിനു എത്തിയവരുടെ ആവശ്യം അവർക്ക് അവരുടെ പരമ്പരാഗതമായ ആചാരം നടത്തുവാൻ അനുമതി കിട്ടാവുന്ന ഒരു ഓർഡിനൻസ് ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം എന്നതാണ്.
ജയലളിതയുടെ അഭാവം അവനിലെ‌ പോരാട്ട വീര്യം തളർത്തുന്നില്ല എന്നതാണു കാണുവാൻ കഴിയുന്നത്. കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും അവർ പ്രതീക്ഷിക്കുന്നത് ഈ ആവശ്യം നിറവേറ്റി കിട്ടുക എന്നത് മാത്രമാണ്. രാഷ്ട്രീയമായും ജനാധിപത്യപരമായും ഗവണ്മന്റിനു ചെയ്യാവുന്നതിൽ വെച്ചു ഏറ്റവും ഉചിതമായ തീരുമാനം ഒരു പക്ഷെ അവനൊപ്പം നിൽക്കുക എന്നതാണ് .
ജല്ലിക്കെട്ട് നിരോധനത്തിന്റെ ഉള്ളറകളിലേക്ക് നീങ്ങുമ്പൊൾ കഴിഞ്ഞ മന്മോഹൻ സിങിന്റെ സർക്കാർ
കാലത്ത് തന്നെ സുപ്രീം കോടതി അതിനു തടയിട്ടിരുന്നു.
അന്നു‌മുതൽ‌ ആ ജനത അസ്വസ്ഥരുമാണ്.
ഒരു കാള കിടാവ് ജനിക്കുമ്പൊഴേ , അതിനേ ജല്ലിക്കെട്ടിനു യോജിച്ചതാണൊ എന്ന് കണക്കാക്കി അതിനെ ഒരു പരിപാലിച്ചു വളർത്തി വലുതാക്കി എടുക്കുമ്പോൾ ഓരൊ തമിഴ് കുടുംബത്തിനും അതൊരു ദൈവീകതയുടെ ചിഹ്നമാണ്. ശിവന്റെ നന്ദി എന്ന കാളയ്ക്ക് സമാനമായ ദൈവീകത അവരതിനു നൽകിപോരുന്നു.
ജല്ലിക്കെട്ടിനു വളർത്തി വലുതാക്കപ്പെടുന്ന കാളകളെ തീറ്റി പോറ്റുന്നതിൽ സ്ത്രീകൾ കാട്ടുന്ന വാത്സല്യവും കരുതലും മാതൃത്വത്തോട് ചേർന്നു നിൽക്കുന്നു.‌ കാള അവർക്ക് അവരുടെ‌ മകനും , അവർ‌ അതിനു തായ് യും ആകുന്നു.
തമിഴന്റെ വീര്യത്തിനും ശൗര്യത്തിനും പ്രതീകമാണ് ജല്ലിക്കെട്ട്.‌ വാടിവാസലിൽ നിന്നും കുതിച്ചു പായുന്ന കാളയെ അതിന്റെ പൂഞ്ഞയിൽ പിടിച്ചു മെരുക്കി എടുക്കുന്ന പുരുഷൻ അവർക്ക് വീര പുരുഷനാണ്.
സ്പെയിനിലും മറ്റും ഉള്ള സമാനമായ മത്സരങ്ങളിലെ പോലെ കാളകൾ ആ മണ്ണിൽ ജീവൻ വെടിയുന്നില്ല.
മൃഗവും മനുഷ്യനും തമ്മിൽ ഉള്ള പതിറ്റാണ്ടുകളുടെ ബന്ധം ആണു അവിടെ ആധാരം. ജല്ലിക്കട്ട് കാള കരുത്തിന്റെ പ്രതീകമാണ്. അതിന്റെ കരുത്തിനു മുന്നിൽ മനുഷ്യർ നിസ്സാരരാണ്. അതിനാൽ തന്നെ അതിനെ മെരുക്കുന്നവൻ അവർക്ക് ധീരനാണ്.
PETA , People for Ethical Treatment of Animals എന്ന അമേരിക്കൻ സംഘടനയാണ് ഇപ്പോൾ തമിഴ് ജനതയുടെ വിശ്വാസങ്ങൾക്ക് മൂക്ക് കയറിടുവാൻ തുനിഞ്ഞിറങുന്നത്. അവർ സമർപ്പിച്ച വീഡിയൊകളിൽ കാളകൾ പീഡനത്തിനു ഇരയാവുന്നു എന്ന വാദമുണ്ട്. കാളകളെ കടിച്ചും വേദനിപ്പിച്ചും മുറിപ്പെടുത്തിയും പ്രകോപിപ്പിച്ചും ജല്ലിക്കട്ട് നടത്തുന്നു അതിനാൽ ആയിരക്കണക്കിനു വർഷങ്ങളുടെ പാരമ്പര്യം പനമ്പായിൽ ചുരുട്ടി ഇറയത്ത് വെയ്ക്കണം എന്നതാണ് ആവശ്യം. വിദേശ രാജ്യങ്ങളിൽ സമാനമായ ആചാരങ്ങളുടെ പേരിൽ കാളകൾ ക്രൂരമായി വേട്ടയാടപ്പെടുന്നു എന്ന സ്ഥിതിഗതികൾ നിലനിൽക്കെ , ഇന്ത്യയിൽ അടക്കം ആ രാജ്യങ്ങളിലെക്ക് അത് കാണുവാൻ വേണ്ടി മാത്രം പോകുന്ന ആയിരങ്ങൾ ഉണ്ടെന്നിരിക്കെ PETA യുടെ കൈകൾക്ക് അമേരിക്കയിൽ നിന്നു തമിഴന്റെ മണ്ണിലെക്ക് മാത്രമേ നീട്ടമുള്ളു എന്നതും വിചിത്രമാണ്. സുരക്ഷയാണു വിഷയമെങ്കിൽ മറ്റെല്ലാ അഡ്വഞ്ചർ സ്പോർട്ടുകളും പോലെ ഇതിലും മനുഷ്യനു തന്നെയാണു പരിക്കുകൾക്ക് സാധ്യത ഏറെ. നിരോധനത്തിനു മൂല കാരണം അതാണെങ്കിൽ അതിൽ അല്പം കൂടി കെട്ടുറപ്പ് പറയാമായിരുന്നു. കാളകൾ പീഡനങ്ങൾക്ക് ഇരയാകുന്നു എന്നുണ്ടെങ്കിൽ നിയമ പരിരക്ഷ ഉറപ്പാക്കി ചർച്ചകൾ നടത്തി കർശനമായ നിയമനിർമ്മാണങ്ങൾ നടത്തി മൃഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തി നടത്തുവാൻ ഉള്ള സാധ്യതകൾ തേടുകയെന്നതിനു‌ പകരം ജല്ലിക്കെട്ടിനു കടയ്ക്കൽ കത്തിവെയ്ക്കുക എന്നതാവും അവർക്ക് എളുപ്പവും താല്പര്യവും . സംഘടനയ്ക്കെതിരെ ജന രോഷം ആളിപ്പടരുകയാണ്.
ജല്ലിക്കെട്ട് അതിന്റെ മത്സരവീര്യം മാത്രം കൊണ്ടല്ല തമിഴർക്ക് പ്രിയതരമായത്. ഇന്ത്യയിലെ പല തനതായ കാലി ഇനങ്ങളുടെ നിലനിൽപ്പ് ഇന്ന് ജല്ലികെട്ടിനെ ആശ്രയിച്ചാണ്. 137 ഇനങ്ങളിൽ പരം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നു നാലപ്തിൽ താഴെ ഇനങ്ങളെ ഇന്ത്യയി തനതായി നിലനിൽക്കുന്നുള്ളു. അതിലെ തമിഴനു മാത്രം
സ്വന്തമായ 6 ഇനങ്ങളിൽ ഒന്ന് ഇപ്പൊ‌ തന്നെ നാമാവശേഷമായിരുക്കുന്നു. ഇവയുടെഎല്ലാം പ്രജനനം ജല്ലിക്കെട്ടിനെ ആശ്രയിച്ചാണ്. ജല്ലിക്കെട്ടിനു വേണ്ടി വളർത്തി വലുതാക്കുന്ന വിത്തുകാളകളുടെ ബീജങ്ങളിൽ നിന്നു മാത്രമേ അവയ്ക്ക് നാളെ നില നില്പുള്ളു.
ഇന്ത്യയൊട്ടുക്ക് ധവള വിപ്ലവും 1970ൽ Operation Flood ഉം നടപ്പിലായപ്പോൾ വിദേശബ്രീഡുകളുടെ ബീജത്താൽ കൃതൃമ പ്രജനനം ഇന്തയൊട്ടുക്ക് ഉള്ള കാലികളിൽ പതിയെ നടന്നു. പാലുല്പാദന രംഗത്ത് ഇന്ത്യ ഉയരങ്ങളിൽ എത്തിയപ്പോൾ കാലക്രമേണ പിന്നിൽ നാമാവശേഷമായ ഇന്ത്യയുടെ തനത് കാലി ഇനങ്ങളെ പറ്റി ആരുമോർത്തില്ല.
റ്റ്രാക്ടറും ടില്ലറും പാടങ്ങൾ ഉഴുത് മറിച്ചപ്പോൾ വളർത്താൻ കാളയെന്തിനു എന്ന ചോദ്യത്തിനു ഊക്കുകൂടി. അവിടെയാണ് ജല്ലിക്കെട്ടിനു വേണ്ടി ഉള്ള ഉരുക്കൾ താങ്ങി നിർത്തുന്ന ഇന്ത്യൻ കാലി ഇനങ്ങളുടെ പ്രത്യുല്പാദനത്തിനും നിലനില്പിനും സാംഗത്യമേറുന്നത്.
വിദേശ‌ബ്രീഡുകൾക്കും അവയുടെ ഉല്പന്നങ്ങൾക്കും ഇന്ത്യ വലിയ വിപണിയാണ്. രണ്ട് ഇനങ്ങളുടെ പാലിനും വ്യത്യാസമുണ്ട് എന്നതും വസ്ഥുതയാണ്. ഏതിനാണ് ഗുണമേറെ എന്നത് തർക്ക‌വിഷയവുമാണ്. പക്ഷെ ഇന്ത്യൻ ബ്രീഡുകളുടെ നിലനിൽപ്പ് താങ്ങി നിർത്തുക എന്നതിനു‌ ജല്ലിക്കട്ട് ആധാരമാകുമ്പോൾ ഇന്നേ വരെ‌ തനതു ബ്രീഡുകളുടെ പതനം നിർവികാരമായി മാത്രം നോക്കി നിന്ന PETA INDIA അസ്വസ്ഥമാകുന്നു എന്ന് തമിഴൻ പറയുമ്പോൾ അത് ചിന്തയ്ക്ക് മരുന്നിടുന്ന ഒന്നാണ്.
ഒരു‌ ജല്ലിക്കെട്ട് കാളയെ വളർത്തുകയെന്നാൽ ഒരു പശുവിനെ വളർത്തുന്നതിലും ചിലവാണെന്നിരിക്കെ. ജല്ലിക്കെട്ട് നിൽക്കുന്നതോടെ അവയുടെ പരിപാലനവും നിൽക്കുന്നു. പതിയെ അവയുടെ പ്രത്യുല്പാദനവും. അങ്ങനെ‌ഭൂമുഖത്തു നിന്നു മെല്ലെ അവയും തുടച്ചു മാറ്റപ്പെടും. ഇതിന്റെ ബിസിനസ് സാധ്യതകൾ, താല്പര്യങ്ങൾ എല്ലാം തൽക്കാലം മാറ്റിവെയ്ക്കാം. തമിഴനു അവന്റെ സംസ്കാരം മുറുകെ പിടിയ്ക്കുവാൻ ഉള്ള പോരാട്ടമായി മാത്രം കണ്ട്‌കൊണ്ട് അതിനോട് സമരസപ്പെടുക എന്നത് മാത്രമേ മനസ്സ് പറയുന്നുള്ളു.
ഒരു PETA യും അവിടെ പ്രധാനമല്ല.
തമിഴന്റെ സമരത്തോട് ആഗോള വിപ്ലവ കാരികളായ ചിലർ കാണിക്കുന്ന പുച്ഛം , നിരാശാജനകമാണ്. തീർച്ചയായും മൃഗസ്നേഹത്തിനും മീതെ എന്തെങ്കിലും വികാരം അവിടെ ഇല്ലെ എന്നത് ചോദിക്കാതെ വയ്യ. ഒരു കൈ കൊണ്ട് കോർപ്പറെട്ടുകളെയും അധിനിവേശത്തെയും എതിർക്കുകയും മറ്റു കൈ കൊണ്ട്‌ തലോടുകയും ചെയ്യുക എന്നത് പുതുകാലത്തിന്റെ ഫോർമുലയാണ്. പക്ഷെ തിരഞ്ഞെടുത്ത ജനത നിങ്ങളുടെ അളവുകോലുകൾക്ക് അപ്പുറം പോരാട്ട വീര്യവും ധൈര്യവും ഉള്ളവരാണ്. അവർ തോൽക്കുവാൻ കൂട്ടാക്കുന്ന വെറും ആൾക്കൂട്ടമല്ല എന്നത് തമിഴകത്ത് കൂടിയ ജനസാഗരം സാക്ഷ്യപെടുത്തിയിരിക്കുമല്ലോ ഇതിനോടകം.
അധിനിവേശം എന്നത് വെടിയൊച്ചകളുടെയും,
വാള്‍തലപ്പുകളുടെയും അകമ്പടിയോടെ മാത്രമേ എത്തൂ എന്നു സ്വയം വിശ്വസിച്ചു ആ സ്വപ്നനത്തില്‍ നമ്മളിൽ ചിലർക്ക് മയങ്ങാം .
നമ്മുടെ കുറ്റകരമായ മൌനത്തിന്റെ, നിസ്സഹായതയുടെ,
ഇളം തണുപ്പിന്റെ തണലിലേക്ക് ആയിരം കാലുകളോടെ ഒരു പഴുതാരയെ പോലെ അത് നിശബ്ദമായ് ഇഴഞ്ഞു കയറുന്നത് നമുക്ക് കണ്ടില്ലെന്ന്‍ തന്നെ നടിക്കാം….
വിഷം തീണ്ടിയവന്റെ ദൈന്യതയോടെ നമുക്ക് നോക്കിനില്‍ക്കാം.
പക്ഷെ
തമിഴ് ‌യുവതയെ അതേ നുകത്തിൽ തളയ്ക്കണ്ട. കാരണം അവർ പണമോ അധികാരമോ രാഷ്ട്രീയ ലാഭമോ കണ്ട് കണ്ണ്‌മഞ്ഞളിച്ചു ഒത്തു‌കൂടിയതല്ല അവിടെ.
അവർക്കൊരു സ്വപ്നമുണ്ട്.
അവരുടെ ആകാശം വിശാലമാണ്. ഒരു സംസ്കൃതിയുടെ ,ജനതയുടെ പോരാട്ടം സ്വന്തം നിലനിൽപ്പിന്റെ പോരാട്ടമാണെന്നുറച്ചു വിശ്വസിക്കുന്ന അവരുടെ ആത്മാർത്ഥതയുടെ മേലെ നമുക്ക് ഗാലറിയിൽ ഇരുന്നു പരിഹസിച്ചു കൂകി വിളിക്കാം.

Categories:   ലേഖനങ്ങൾ

Comments

Leave a Reply