Dharmarakshavedi

Menu

“എല്ലാമതങ്ങളും അവരുടെ ആരാധനാലയങ്ങള്‍ വിശ്വാസഭേദമെന്യേ സകലര്‍ക്കുമായി തുറന്നുകൊടുക്കണം”: ആര്‍.എസ്.എസ്

കേരളത്തിലെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ കയറ്റാത്തത് സനാതനധര്‍മത്തിന്റെ അന്തഃസത്തയ്ക്ക് എതിരാണെന്ന് ആര്‍.എസ്.എസ്. ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഈശ്വരനുമുമ്പില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം പറഞ്ഞു. പട്ടത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ഹൗസിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ.യുമായുള്ള അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.

ക്ഷേത്രത്തില്‍ കയറുന്നതില്‍നിന്ന് അഹിന്ദുക്കളെ വിലക്കുന്നത് സ്വന്തം സംസ്‌കാരവും പാരമ്പര്യവും മനസ്സിലാക്കുന്നതില്‍നിന്ന് അവരെ തടയുന്നതിനുതുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ആളുകള്‍ അമ്പലത്തില്‍പോകാന്‍ താത്പര്യപ്പെടുന്നെങ്കില്‍ അവരെ അതിനനുവദിക്കുക. അവരെ തടയുന്നത് ധര്‍മമല്ല. ഈശ്വരന്റെ സാന്നിധ്യം ഏതെങ്കിലും ആരാധനാലയത്തിലോ സംസ്ഥാനത്തോ രാജ്യത്തോ ഭൂഖണ്ഡത്തിലോ അല്ല; എല്ലായിടത്തുമുണ്ട്. വിശ്വത്തിന്റെ വിധാതാവാണ് ഈശ്വരന്‍. അല്ലാതെ ഏതെങ്കിലും പ്രത്യേകമതത്തിന്റെ സ്രഷ്ടാവല്ല. അതിനാല്‍, എല്ലാമതങ്ങളും അവരുടെ ആരാധനാലയങ്ങള്‍ വിശ്വാസഭേദമെന്യേ സകലര്‍ക്കുമായി തുറന്നുകൊടുക്കണം.’

‘ഹിന്ദുത്വം ജീവിതരീതിയാണ്, അല്ലാതെ മതമല്ല. സകല മതങ്ങളെയും എല്ലാകാലവും അതുള്‍ക്കൊണ്ടിട്ടുണ്ട്. അതിനാലാണ് എല്ലാ മതങ്ങളുടെയും മാതാവായി അതറിയപ്പെടുന്നത്’ -അദ്ദേഹം പറഞ്ഞു. വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കുകീഴിലുള്ള പല ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് കണ്ടതാണ് അദ്ദേഹത്തെ ഇങ്ങനെപറയാന്‍ പ്രേരിപ്പിച്ചത്.

മതം സ്വര്‍ഗത്തിലേക്കുള്ള പാതയല്ലെന്നും എന്നാല്‍, അത് മനസ്സിനെ വിമലീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍, ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കടപ്പാട്: മാതൃഭൂമി

Categories:   വാർത്തകൾ

Comments

Leave a Reply